Techdid

ദിലീപ് അഭിനയിക്കുന്ന അടുത്ത ചിത്രം സിദ്ദിഖ് ലാല്‍ ടീമിന്‍റെ കിങ് ലിയര്‍

ദിലീപ് അഭിനയിക്കുന്ന അടുത്ത ചിത്രം സിദ്ദിഖ് ലാല്‍ ടീമിന്‍റെ കിങ് ലിയര്‍ ആയിരിക്കുമെന്ന് ഉറപ്പായി. വിദേശത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഷാഫിയുടെ ചിത്രത്തിലാണ് ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു തീരുമാനം. സല്ലാപത്തിലൂടെ ദിലീപിന് കരിയറില്‍ വഴിത്തിരിവ് നല്‍കിയ സംവിധായകനാണ് സുന്ദര്‍ദാസ്. ബെന്നിയാകട്ടെ ദിലീപിന് ചാന്തുപൊട്ടും കുഞ്ഞിക്കൂനനും മേരിക്കുണ്ടൊരു കുഞ്ഞാടുമൊക്കെ സമ്മാനിച്ച എഴുത്തുകാരനും. നിര്‍മിക്കുന്നത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വൈശാഖ രാജനും.



പൂര്‍ണമായും സെന്‍ട്രല്‍ ജയിലിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപൂര്‍വ്വതകളേറെയുള്ള ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപിനായി ബെന്നി തയ്യാറാക്കിയത്. ദിലീപിന്‍റെ ആരാധകരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ക്രിസ്മസിന് തിയറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനിടെ സിദ്ധിഖും ലാലും വീണ്ടുമൊന്നിക്കുന്ന സിനിമയ്ക്ക് അന്തിമരൂപമായി. ക്രിസ്മസ് റിലീസും തീരുമാനിച്ചു. കിങ് ലിയര്‍ എന്നുപേരിട്ട സിനിമ ഷാഫിചിത്രത്തിനുശേഷം തുടങ്ങണമെന്ന് ഇരുവരും ദിലീപിനോട് അഭ്യര്‍ഥിച്ചതോടെ താരം പ്രതിസന്ധിയിലായി.
സിദ്ധിഖിന് മറ്റൊരു ചിത്രം കൂടി ഉടന്‍ തുടങ്ങാനുണ്ടെന്ന കാരണം കൂടി പറഞ്ഞതോെട ദിലീപ് രണ്ടുസിനിമകളുടേയും അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചു. ചര്‍ച്ചയ്ക്കൊടുവില്‍ സുന്ദര്‍ദാസും ബെന്നി പി നായരമ്പലവും വൈശാഖ രാജനും തങ്ങളുെട സിനിമ കിങ് ലിയറിനുശേഷം തുടങ്ങിയാല്‍മതിയെന്ന് സമ്മതിക്കുകയായിരുന്നു. ഷാഫി ചിത്രം പൂര്‍ത്തിയാക്കി അടുത്തമാസം സിദ്ധിഖ് ലാല്‍ ചിത്രത്തിലേക്ക് ദിലീപ് എത്തും.
Previous
Next Post »